പേരാവൂർ താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ബാക്കി സ്റ്റാഫും നാട്ടുകാരും സന്തോഷത്തിലാണ്. ആകെ 8 ഡോക്ടർമാർ മാത്രമാണുള്ളത്. 14 പേരാണ് വേണ്ടത്. അത്യാഹിത വിഭാഗം അത്യാഹിതത്തിൽ തന്നെ തുടരുന്നു. ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ വിശാലമനസ്ക്കരായതിനാൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം ആയിരത്തിൽ അധികം രോഗികൾ ചികിത്സ തേടുന്ന ആശുപത്രിയാണ്. പേരാവൂർ ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിൽ നിന്നും ആറളം മേഖലയിൽ നിന്നും ഉള്ള സാധാരണക്കാരും ഉന്നതി വാസികളും ആശ്രയിക്കുന്ന താലൂക്കാശുപത്രിയാണ് മാസങ്ങളായി അഞ്ച്, ആറ്, ഏഴ് എന്നൊക്കെ തിരിച്ചും മറിച്ചും എണ്ണി ഡോക്ടർമാരുടെ കണക്ക് തടയുന്നത്. അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കാൻ 4 ഡോക്ടർമാർ വേണം. പക്ഷെ തസ്തിക പോലും ഇല്ല. എന്നിട്ടും അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നു എന്നതാണ് അതിശയം. ഡോക്ടർമാർ കുറവായതിനാൽ സ്റ്റാഫിന് പണിയെടുക്കേണ്ടതായ ആവശ്യമില്ലാത്തതിനാൽ അവർ സന്തോഷിക്കുന്നു. പെടാപ്പാട് പെട്ട് നടന്നു വരണ്ടല്ലോ എന്ന് ഓർത്ത് രോഗികൾ സന്തോഷിക്കുന്നു. മുൻപൊക്കെ ഏതെങ്കിലും 2 ഡോക്ടർമാർ ഇല്ലാതായാൽ സ്ഥലം എം എൽ എ യ്ക്ക് എതിരെ തെറിവിളിയും കരിങ്കൊടിയും ചെരിപ്പേറും ധർണയും പോസ്റ്റർ ഒട്ടിക്കലും ഒക്കെയായി ആഘോഷിച്ചിരുന്ന ഡിവൈഎഫ്ഐ സിംഹങ്ങൾ ഇപ്പോൾ വീണ വായിക്കുന്ന തിരക്കിലാണ്. എംഎൽഎയാണ് താലൂക്കാശുപത്രിയിലേക്ക് നിയമനം നടത്തുന്നതെന്നായിരുന്നു ഏതാനും വർഷം മുൻപ് വരെ പാവം ഡിവൈഎഫ്ഐ ഒക്കെ വിശ്വസിച്ചിരുന്നത്. പിന്നെ പിണറായി വിജയനാണ് ആ അന്ധവിശ്വാസം മാറ്റിയെടുത്തത്. ഇപ്പോൾ ഡിവൈഎഫ്ഐക്ക് അറിയാം സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുന്നത് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ചേർന്നുള്ള ഒരു സംവിധാനമാണെന്ന്. കാലം ഒരുപാട് എടുത്താണ് ഡിവൈഎഫ്ഐ ഒക്കെ ഇത് മനസ്സിലാക്കിയത്. ഭരണം സ്വന്തം അണ്ണാച്ചിയുടേതായതിനാൽ കടിച്ചു പിടിച്ച് ഇരിക്കുവാണ്. കോൺഗ്രസ് എങ്ങാനുമാണ് ഭരണത്തിലെങ്കിൽ കാണിച്ചു തരുമായിരുന്നു എന്നാണ് സിപിഎം . ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുമ്പോൾ ഇതെല്ലാം ഓർക്കാതെ എം എൽ എ യ്ക്ക് എതിരെ ചാടി വീഴാനും ഡിവൈഎഫ്ഐക്ക് മടികാണില്ല. ആറ് രക്തസാക്ഷികളേയും പുഷ്പനേയും മറന്ന് രവത ചന്ദ്രശേഖറെ ന്യായീകരിക്കാൻ മടിയില്ലാത്തവർക്കാണോ ഒരു ആരോപണമുയർത്താൻ ബുദ്ധിമുട്ട്? വേണ്ടിവന്നാൽ സിഐടിയുവിനെയോ തൊഴിലുറപ്പ് തൊഴിലാളി യൂണിയനേയോ റിട്ടയറായ സർക്കാർ ഉദ്യോഗസ്ഥ യൂണിയനേയോ ഒക്കെ രംഗത്തിറക്കിസമരം ചെയ്യാനും മടിക്കില്ല. നീണ്ട മൗനവ്രതത്തിലാണ് സിപിഎം ക്യാംപ്. ഇനി ആശുപത്രിക്ക് വേണ്ടി ഒന്നുറക്കെ മുദ്രാവാക്യം വിളിക്കണമെങ്കിൽ ഇടതുഭരണം മാറണം. അതു വരെ കൊഴുക്കട്ട വിഴുങ്ങാൻ ശ്രമിച്ച് കണ്ണ് തള്ളിയ അവസ്ഥയിൽ ഇരിക്കുകയേ വഴിയുള്ളൂ.
നിത്യ സമരക്കാരായ കോൺഗ്രസും മടുത്തു. സമരം ചെയ്ത് കാണിച്ചാൽ പോലും ഒരു നാണവും തോന്നാത്ത ആരോഗ്യ മന്ത്രിയേയും മുക്കിയ മന്ത്രിയേയും കീഴടക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് പറ്റുന്നില്ല. എത്ര ചീത്ത വിളിച്ചാലും ഒരു ഡോക്ടറെപ്പോലും സ്ഥിരമായി നിയമിക്കാൻ കഴിവില്ലാത്ത ഭരണമാണ് തങ്ങൾ നടത്തുന്നതെന്ന മുഖഭാവത്തോടെ നെഞ്ചും വിരിച്ച് വിജയനും വീണയും നിൽപ്പ് തുടർന്നാൽ പ്രതിപക്ഷം എന്ത് ചെയ്യാനാണ്. താലൂക്കാശുപത്രിയുടെ മുതലാളിമാരെന്ന് അവകാശപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിൽ ഒരു ഹോസ്പിറ്റൽ മാനേജ്മെൻ്റ്റ് കമ്മിറ്റിയൊക്കെയുണ്ട്. എന്താണവർ മാനേജ് ചെയ്യുന്നതെന്ന് അവർക്കറിയാമോ എന്ന് ചോദിച്ചാൽ പോലും അവർ വെറുതേ കേട്ടിരിക്കുമെന്നല്ലാതെ മറ്റെന്ത് ചെയ്യാനാണ്. പുതിയ കെട്ടിടം പണി ഇഴഞ്ഞും വലിഞ്ഞും നിരങ്ങിയും നീക്കുന്നുണ്ട്. അഞ്ച് കൊല്ലമായി പണിതുടങ്ങിയിട്ട്. അടിത്തറ പോലും പണിയാൻ പറ്റിയിട്ടില്ല. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ചികിത്സ സാധ്യമോ എന്ന കവിതാത്മക ചോദ്യവുമായി അടുത്ത സ്വകാര്യ ആശുപത്രി ഉടമയെ മുതലാളിയാക്കാനുള്ള വ്രതമെടുത്ത് പായുകയാണ് രോഗികൾ.
Even the protesters refused to budge, and the Peravoor Taluk Hospital continued to operate despite being blocked and obstructed.